Pages

Tuesday, August 12, 2014

അവസാനത്തെ സമ്മാനം (The Last Gift)



സമയം രാവിലെ അഞ്ചു മണി..ഉള്‍ഗ്രാമത്തിലെ ഒരു കുടിലില്‍..

നോക്കീ.. ഇന്നലെ പണി കഴിഞ്ഞു വരുമ്പം ഇന്‍റെ ചെരുപ്പ് അടി ഓട്ടയായി

അതിനു?

ഇന്ന് പണി അങ്ങ് മലമുകളിലാ...

അതിനു?

അവിടേക്ക് ഒരു മണിക്കൂറു ബസ്സിറങ്ങി കാട്ടിലൂടെ നടക്കാനുണ്ട്.

ഇന്നാ വേഗം വിട്ടോ, നേരം വൈകണ്ടാ..ബസ്സ് പോകും..

അതല്ല മനുഷ്യാ..

പിന്നെ?

ഞാന്‍ ചെരിപ്പില്ലാതെ പോയാല്‍ മുള്ളും അട്ടയും നിറഞ്ഞ ആ വഴിയിലൂടെ നടന്നു പണിസ്ഥലത്തു എത്താന്‍ കയ്യൂല.

അതിനു? ഞാനിപം അന്നെ തോളില്‍ വെക്കണോ?

അതല്ലാന്നു..

പിന്നെ?

ഇങ്ങളെ ചെരുപ്പ് ഒരു ദിവസത്തേക്ക് വായ്പ തന്നാല്‍...ഞാന്‍ ഇന്ന് പണിക്കൂലി കിട്ടിയിട്ട് വേറെ ചെരുപ്പ് വാങ്ങിയിട്ട് തിരിച്ചു തരാം...

അപ്പൊ, എന്‍റെ കാലിനു മുള്ള് കുത്തൂലെ, എനിക്ക് ഇന്ന് വില്ലേജ് ആപ്പീസിലും മൃഗാസ്പത്രിയിലും പോകാന്‍ ഉള്ളതാ...

ഇങ്ങള് നല്ല റോട്ടിലൂടെ അല്ലെ നടക്കുന്നത്? ഇന്ന് ഒരു ദിവസം മാത്രം, പ്ലീസ്...

തരൂലാന്നു പറഞ്ഞത് കേട്ടിലേ?...

മടിയില്‍ തല വെച്ച്, മുടിയില്‍ കൈ ചലിപ്പിച്ചു..പിന്നെ, ഞാന്‍ ഇന്ന് കൂലി കിട്ടിയിട്ട് ഇങ്ങക്കും ഒരു പുതിയ ചെരുപ്പ് വാങ്ങാം...

ആ..അങ്ങനെയാണെകില്‍ ജ്ജ് കൊണ്ട് പോയിക്കോ..വരുമ്പം പുതിയ ചെരിപ് വാങ്ങാന്‍ മറക്കണ്ടാ ട്ടോ...

ചെരുപ്പ് ഊരി കിട്ടിയതും മഹതി ഏഴിഞ്ചു കാലില്‍ എട്ടിഞ്ച് ചെരിപ്പും ഇട്ടു ഓടി....ബസ്സ്‌ പോയാല്‍ ഇന്നത്തെ പണി പോയത് തന്നെ....

ബസ്സിറങ്ങി കിലോമീറ്ററുകള്‍ മുള്‍ വഴിയിലൂടെ നടന്നു ഒന്‍പതു മണിക്ക് പണിസ്ഥലത്ത് എത്തി..

മുറിച്ച റബ്ബറിന്റെ വിറകു വെട്ടി കെട്ടാക്കുന്നതാണ് പണി..ഒരു കെട്ടിന് വെച്ചാണ് കൂലി...

ഇന്ന് പണി കൂടുതല്‍ എടുത്താലെ കാര്യങ്ങള്‍ നടക്കൂ..അരി വാങ്ങണം, കറിക്ക് എന്തെങ്കിലും വാങ്ങണം, പിന്നെ രണ്ടു ചെരിപ്പും..പുതിയ ചെരിപ്പില്ലാതെ വീടിലേക്ക്‌ ചെല്ലാനും പറ്റില്ല...

ഇന്ന് കുറച്ചു ഇരുട്ടിയാണ് പണി നിര്‍ത്തിയത്..പണി കഴിഞ്ഞു രണ്ട് ചെരിപ്പും അരിയും വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ മണി ഒന്‍പതു....

നോക്കീ...ഇതാ ഞാന്‍ ഇങ്ങക്ക് പുതിയ ചെരുപ്പ് കൊണ്ട് വന്നിരിക്കുന്നു....

നോക്കീ...ഇത് ഞാനാ.....മനുഷ്യാ........നോക്കീ.....

ഒരു മിണ്ടാട്ടവുമില്ലാ..കുട്ടികള്‍ പുറത്ത് വന്നു ..ഉമ്മാ ബാപ്പ ഇത് വരെ വന്നിട്ടില്ല..ഉച്ചക്ക് വില്ലേജ് ആപ്പീസിലേക്ക് എന്ന് പറഞ്ഞു പോയതാ...

മണി പത്ത്...പതിനൊന്നു..പന്ത്രണ്ടു....ബാപ്പ ഇത് വരെ വന്നിട്ടില്ല...കുട്ടികള്‍ ഉറങ്ങി.....

മഹതി വിളക്കും കത്തിച്ചു വെച്ച് പുതിയ ചെരിപ്പും കയ്യില്‍ പിടിച്ചു കണ്ണും നട്ട് കോലായില്‍ തന്നെ ഇരുന്നു.....

നേരം വെളുത്തു......

കുറെ ആളുകള്‍ വരുന്നുണ്ട്..അതില്‍ ബാപ്പ കാണാതിരിക്കില്ല.....

വഴിയിലേക്കിറങ്ങി...നോക്കി അവര്‍ എന്തോ താങ്ങി പിടിച്ചു കൊണ്ട് വരുന്നുണ്ട്....എന്താണത്....

തന്‍റെ പ്രിയതമന്റെ ചലനമറ്റ ശരീരമായിരുന്നു അതെന്നു വിശ്വസിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.....

അയാള്‍ക്ക്‌ വേണ്ടി വാങ്ങിയ അവസാനത്തെ സമ്മാനവും മുറുകെ പിടിച്ചു മഹതി വാവിട്ടു കരഞ്ഞു..റബ്ബേ എന്‍റെ നാല് മക്കളെ നീ അനാഥരാക്കിയല്ലോ......!!

6 comments:

  1. ജീവിതയാഥർത്ഥ്യങ്ങൾ..
    ക്ലൈമാക്സ് കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു എന്ന തോന്നി.. ആശംസകൾ..

    ReplyDelete
  2. വളരെ നന്നായ് പറഞ്ഞ ഹൃദയത്തില്‍ തട്ടുന്ന കഥ.
    പക്ഷെ അവസാന ഭാഗം തിരക്കിട്ട പോലെ പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete