Pages

Tuesday, March 25, 2014

അന്ന് ജര്‍മനി; ഇന്ന് ഇന്ത്യ!?


ഒന്നാം ലോക മഹായുദ്ധാനന്തര ജര്‍മനിയില്‍, ഒരു ശക്തനായ നേതാവിന് വേണ്ടിയുള്ള തീവ്രമായ ആവശ്യമുണ്ടായിരുന്നു. ആ ഒഴിവിലേക്കാണ് ഒരു ധൈര്യശാലിയായ പട്ടാളക്കാരനായ ഹിറ്റ്‌ലര്‍ കടന് വരുന്നത്. നാസി പാര്‍ടിയില്‍ വെറും ഒരു മെമ്പര്‍ ആയി കടന്നു വന്ന ഹിറ്റ്‌ലര്‍ തന്‍റെ പ്രസംഗത്തിലൂടെ പൊതു ജനത്തെ കയ്യിലെടുക്കുകയായിരുന്നു. പിന്നീട് തന്നെ കൈ പിടിച്ചു ഉയര്‍ത്തിയ പാര്‍ടിയിലെ മുതിര്‍ന്ന നേതാകളെ തന്നെ പുറത്താക്കി, ഹിറ്റ്‌ലര്‍ പാര്‍ട്ടിയുടെ, വിമര്‍ശനത്തിനു അതീതനായ സ്വെചാധിപതിയായി മാറി.
ഉയര്ച്ചയിലെക്കുള്ള വഴിയില്‍ അക്രമങ്ങള്‍ ഒരു മാര്‍ഗമായി സ്വീകരിക്കുകയും അതിനു കൂട്ട് നില്‍ക്കുന്നവരെ പാര്‍ടിയിലേക്ക് കൊണ്ട് വരികയും ചെയ്തു. മാര്‍ക്സിസ്റ്റ്‌- ജൂത വിരുദ്ധ ജര്‍മന്‍ രാജ്യ വികാരമായിരുന്നു ഹിറ്റ്‌ലര്‍ തന്‍റെ പ്രഭാഷങ്ങളിലൂടെ ജനങ്ങളിലേക്ക് കുത്തിവെച്ച്കൊണ്ടിരുന്നത്.
വിമര്‍ശിക്കുന്നവരെ നശിപ്പിക്കുക, തന്നെ അമിതമായി പുകഴ്ത്തുക, ജൂതരെ കൊന്നൊടുക്കുന്നതിലാണ് യഥാര്‍ത്ഥ ജര്‍മന്‍ ദേശീയത എന്ന വികാരം കുത്തിവെക്കുക, പാര്‍ടിയിലും രാജ്യത്തും സ്വെച്ചാധിപത്യം, കളവുകള്‍ വീണ്ടും വീണ്ടും പറഞ്ഞു അതിനെ സത്യമാണെന്ന് വരുത്തി തീര്‍ക്കുക, തുടങ്ങിയ വഴികളിലൂടെയാണ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതും നിലനിന്നതും.


അരുന്ധതി റോയിയുടെ എല്ലാവരും കേട്ടിരിക്കേണ്ട വാക്കുകള്‍!

പിന്നീട് ഹിറ്റ്‌ലര്‍ ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വെചാധിപതിയും കൊലപാതകിയുമായ ഭരണാധികാരിയായി മാറി.
ഇന്ന് അഴിമതിയും വിലക്കയറ്റവും കൊണ്ട് വീര്‍പ്പു മുട്ടിയ ഇന്ത്യയില്‍ അതുപോലെ തന്നെ ഒരു ശക്തനായ നേതാവിന്‍റെ കുറവുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷെ ആ ഒഴിവിലേക്ക് കടന്നു വരാന്‍ "ഇന്ത്യന്‍-ഹിറ്റ്ലര്‍" കിണഞ്ഞു പരിശ്രമിക്കുന്നു എന്നത് നാം ഭീതിയോടെ കാണേണ്ടതുണ്ട്. അന്ന് ജൂതന്മാര്‍, ഇന്ന് മുസ്ലിംകള്‍. അന്ന് ജര്‍മനി; ഇന്ന് ഇന്ത്യ. അന്ന് ഹിറ്റ്‌ലര്‍; ഇന്ന് ഇന്ത്യന്‍ ഹിറ്റ്‌ലര്‍!!??

Tuesday, December 10, 2013

നിനക്കൊക്കെ ഇവിടെ ദിവസം മുഴുവന്‍ എന്താ പണി!!?

സുബഹി ബാങ്ക് കേട്ട് അവള്‍ ഞെട്ടി ഉണര്‍ന്നു..വേഗം കുളിച്ചു സുബഹി നിസ്കരിച്ചു അടുക്കളയിലേക്കു...സുബഹി നിസ്കരിച്ചു ഖുര്‍ആന്‍ ഓതുന്ന ഉമ്മാക്ക് ഒരു കട്ടന്‍ ചായ ഉണ്ടാക്കി കൊടുത്തു....

അപ്പോഴാണ്‌ മൂന്നു മാസം പ്രായമുള്ള കുട്ടി കരഞ്ഞത്..കുട്ടിക്ക് പാല് കൊടുത്തു വീണ്ടും അടുക്കളയിലേക്കു..ആറു മണിക്ക് കുട്ടികള്‍ക്ക് സ്കൂളില്‍ പോകണം..അപ്പോഴേക്കും അവര്‍ക്ക് ചായ, ഉച്ചക്ക് ലഞ്ച് ബോക്സില്‍ ചോറ്...എല്ലാം റെഡി..

അഞ്ചു മണിക്ക് കുട്ടികളെ വിളിച്ചുനര്ത്തി രണ്ടു പേരയും കുളിപ്പിച്ച് വസ്ത്രം മാറ്റി ചായ കൊടുത്തു സ്കൂളില്‍ വിട്ടു..
അപ്പോഴേക്കും ഭര്‍ത്താവ് ഉണര്‍ന്നു..കാപി കൊടുത്തു..ഏഴു മണിക്ക് ഓഫീസില്‍ പോകണം അപ്പോഴേക്കും ചായ..ഉച്ചക്ക് ഊണിനു ലഞ്ച് ബോക്സ്..എല്ലാം റെഡി..

അവള്‍ മുറ്റമടിക്കാന്‍ ഇറങ്ങി..മുകളില്‍ നിന്നും വിളി..സമീറാ.........എന്‍റെ തുണി എവിടെ, ജട്ടി എവിടെ..ബെല്‍റ്റ്‌ എവിടെ..ലാപ്ടോപിന്റെ ചാര്‍ജര്‍ എവിടെ...ഒലക്ക...ഒന്നും വെച്ചാ വെചോടുത്തു കാണൂല...

ഓടി കിതച്ചു എല്ലാം എടുത്തു കൊടുത്തു. എലാം അലമാരയില്‍ കണ്മുന്‍പില്‍ തന്നെ ഒരുക്കി വെച്ചിരുന്നു... ചായ കുടിച്ചു.. ഉച്ചക്കുള്ള ഊണും കയ്യില്‍ കൊടുത്തു..എടീ അനക്ക് ഈ ഷൂ ഒക്കെ ഒന്ന് പോളിഷ് ചെയ്തൂടെ? ഒരു പണിയും എടുക്കൂല...വെറുതെ തിന്നു കൂടും ഇവിടെ...
നിമിഷ നേരം കൊണ്ട് ഷൂ പോളിഷ് ചെയ്തു ഭര്‍ത്താവിനെ ഓഫീസില്‍ വിട്ടു..

ഇനി ഉമ്മാക്ക് ചായ..അതും എടുത്തു കൊടുത്തു...വീണ്ടും മുറ്റമടിക്കാന്‍ ഇറങ്ങി...അത് കഴിഞ്ഞു വീട് ഒക്കെ അടിച്ചു തുടച്ചു വൃത്തിയാക്കി....ബാത്ത്റൂം കഴുകി..വസ്ത്രങ്ങള്‍ അലക്കി...ഹോ ഊരയ്ക്ക്‌ ഭയങ്കര വേദന...ഒരു തലകറക്കം...സമയം പത്ത് മണി..അപ്പോഴാ ഓര്‍ത്തത്‌ , അവള്‍ ചായ കുടിചിടില്ല...താഴെ വന്നു ചായ എടുത്തു കുടിക്കുമ്പോള്‍ ഉമ്മ വന്നു..ഇപ്പൊ ചായ കുടിക്കുന്നെ ഉള്ളൂ..ഇത് വരെ എന്തായിരുന്നു നിനക്ക് പണി?? ഇനി എപ്പോഴാ ഉച്ചക്കത്തെ ചോറ് ആകാ??

ആ... ജ്ജ് കുളിചാന്‍ കൊറച്ചു വെള്ളം ഇങ്ങട്ട് ചൂടാക്കി കൊണ്ടന്നാ....അതും ഉണ്ടാക്കി കൊടുത്തു..അപ്പോഴാണ്‌ കൊച്ചു മോന്‍ വീണ്ടും കരഞ്ഞത്..അവനെ എടുത്തു പാല്‍ കൊടുത്തു..കുളിപിച്ചു, നല്ല ഉടുപ്പിട്ട് സുന്ദര കുട്ടപ്പനാക്കി...സമയം 12 മണി...

അള്ളാ ഉച്ചക്ക് ഉള്ള ചോറ് ആയിട്ടില്ല..വീണ്ടും അടുക്കളയിലേക്കു...ഒരു മണിക്ക് ഉമ്മ വന്നു..എന്താ ഇത്റ് വരെ ചോറ് ആയില്ലേ??, കറി, ഉപ്പേരി, മീന്‍ പൊരിച്ചത്, പപ്പടം...എല്ലാം റെഡി...മണി രണ്ടു!

ഹോ ഭയങ്കര ക്ഷീണം.ഊര വേദന ...ഒന്ന് കിടക്കണം..മുകളില്‍ കയറിയപോള്‍ കുട്ടി ഉണര്‍ന്നു ..അവനെ എടുത്തു പാല്‍ കൊടുത്തു..മണി മൂന്നു...

കുട്ടികള്‍ നാല് മണിക്ക് സ്കൂളില്‍ നിന്നും വരും. അപ്പോഴേക്കും ചായ, കടി..എല്ലാം റെഡി ആക്കണം...വയറു എറിഞ്ഞിട്ടു വയ്യ....ഉച്ച ഊണ് വേഗം വാരി മുണിങ്ങി (ചവക്കാന്‍ നേരമില്ല) അവള്‍ വീണ്ടും അടുക്കളയിലേക്കു..

കുട്ടികള്‍ എത്തി, അവരെ കുളിപിച്ചു, ചായ കൊടുത്തു കളിക്കാന്‍ പറഞ്ഞയച്ചു...നേരം ഇരുട്ടി..സന്ധ്യാ നേരത്ത് കുട്ടികളെ പഠിപ്പികണം..ഹോം വര്‍ക്ക്‌ ചെയ്തോ എന്ന് നോക്കണം..സ്കൂളില്‍ നിന്നും എഴുതി വിട്ട നോട്ടുകള്‍ക്ക് മറുപടി....സമയം ഏഴു മണി..

ഭര്‍ത്താവ് വന്നു.എടീ ജ്ജ് എവിടെ? ഈ കൊലായിമ്മല്‍ കോഴി തൂറിയത് കണ്ടില്ലേ?? ജ്ജ് ഏതു ഒലക്കയില്‍ പോയി കടക്കാ...അനക്കൊക്കെ ദിവസം മുഴുവന്‍ ഇവിടെ എന്താ പണി!!!!??.ഭര്‍ത്താവിനു ചായ, കടി എല്ലാം എടുത്തു കൊടുത്തു..

കോഴിക്കാട്ടം കോരി..അതാ വിളി: എടീ ആ സോപും മുണ്ടും ഇങ്ങെടുക്ക്‌! എല്ലാം എടുത്തു കയ്യില്‍ കൊടുത്തു....

കുളി കഴിഞ്ഞു അയാള്‍ കുട്ടിയെ ഒന്ന് കളിപ്പിക്കാന്‍ എടുത്തപ്പോള്‍ കുട്ടി തൂറിയിട്ടുണ്ട്...സമീറാ.................................ബടെ വാടീ..ഈ കുട്ടി ഇവടെ തൂറി വരകിയത് ജ്ജ് കണ്ടീലെ?? അതൊന്നു കഴുകിക്കൂടെ?? അനക്കൊക്കെ ദിവസം മുഴുവന്‍ ഇവിടെ എന്താ പണി!!!???

രാത്രി ഭക്ഷണം ഇത് വരെ ആയിട്ടില്ല...ഭര്‍ത്താവിനു ചപ്പാത്തി, ഉമ്മാക്ക് കഞ്ഞി, മക്കള്‍ക്ക്‌ മീനും ചോറും...എല്ലാം റെഡി ...മണി പത്ത്..

എല്ലാവരും ഇരുന്നു ഭക്ഷണം കഴിച്ചു..കിടക്കാന്‍ പോയി...അവള്‍ പാത്രം എല്ലാം കഴുകി..നാളെ രാവിലെക്കുള്ള അരി വെള്ളത്തില്‍ ഇട്ടു കിടക്കാന്‍ ചെന്ന്..മണി പതിനൊന്നു...ചക്കര മോന്‍ ഉറങ്ങിയിട്ടില്ല...അയാളും അവളും കുട്ടിയെ കുറച്ചു നേരം കളിപ്പിച്ചു...ഭര്‍ത്താവ് ഉറങ്ങി ...കുട്ടി ഉറങ്ങുമ്പോള്‍ മണി പന്ത്രണ്ടു.......

അവള്‍ ഗാഡമായ നിദ്രയിലേക്ക് പോയി....ഇടയ്ക്കിടയ്ക്ക് മകന്‍ കരയുമ്പോള്‍ അയാള്‍ അവളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു....ടീ....കുട്ടി കരയുന്നു. പോത്ത് പോലെ കടന്നു ഒറങ്ങും..അനക്ക് അതിനെ ഒന്ന് നോക്കിയാല്‍ എന്താ.....പകല് വേറെ പണി ഒന്നും ഇല്ലല്ലോ..അനക്ക്‌ സുഖമായി ഒറങ്ങിക്കൂടെ??....

വീണ്ടും നാളെ രാവിലെ നാല് മണിക്ക് തുടങ്ങും അവളുടെ യാത്ര.......................

നമ്മുടെ നാട്ടിന്‍ പുറത്തെ ഒരു സാധാരണ വീട്ടമ്മ (കൂലി കൊടുക്കണ്ടാത്ത വേലക്കാരി) യുടെ ജീവതമാണ് ഇത്..അവള്‍ ഉണ്ടോ, ഉറങ്ങിയോ എന്നോ , അവളുടെ വേദനയോ ഇഷ്ടാനിഷട്ടങ്ങലോ ഒന്നും അന്വേഷിക്കാനും മനസ്സിലാക്കാനും ശ്രമിക്കാത്തവരാന് മിക്കവാറും നാം ഭര്‍ത്താക്കന്മാര്‍. അല്ലെ??. അവള്‍ക്കൊരു കൈ സഹായം ചെയ്‌താല്‍ ആണത്തം കുറഞ്ഞു പോകുമോ എന്ന ദുരഭിമാനം വെച്ച് പുലര്‍ത്തുന്നവരും....സഹോദരീ നീ അല്ലാഹുവിന്‍റെ (ദൈവത്തിന്‍റെ) പ്രീതി മാത്രം പ്രതീക്ഷിക്കുക....സ്വര്‍ഗം എന്നുള്ളത് ദൈവം നിനക്കായി ഉണ്ടാക്കിയതാവണം...

തന്‍റെ ഭാര്യയോട്‌ നല്ല സ്വഭാവത്തിലും നീതിയിലും പെരുമാരുന്നവനാണത്രേ നമ്മളില്‍ ഏറ്റവും ഉത്തമന്‍!

Sunday, October 20, 2013

ബലി പെരുന്നാളിന് 'പശു' വിനെ ബലി അറുക്കുമ്പോള്‍...............

ബലി പെരുന്നാളിന്റെ ഏറ്റവും പ്രധാന ഘടകമാണ് മൃഗ ബലി. ഇസ്മായില്‍ (അ) മിന്‍റെയും ഇബ്രാഹീം (അ) ന്‍റെയും ത്യാഗസ്മരണ പുതുക്കാനാണ് മസ്ലിം സമൂഹം ഈ ബലി അര്പിക്കുന്നത്..മതപരമായി ഒരു പാട് പുണ്യമുള്ള കാര്യമാണ് മൃഗ ബലി അഥവാ ഉള്‍ഹിയത്ത്. അതിന്‍റെ മാംസം അഗതികളും അനാഥരും അര്ഹരുമായ പാവങ്ങളിലേക്ക് തിരഞ്ഞു പിടിച്ചു എത്തിക്കുന്നതോടെ അതിന്‍റെ പ്രതിഫലം അനേകം മടങ്ങുകലായി വര്‍ധിക്കുന്നു..

ബലി അറുക്കുന്ന മൃഗത്തിന്‍റെ കാര്യത്തില്‍ ഇസ്ലാമികമായി അത് പശു തന്നെ ആകണം എന്ന് കടും പിടുത്തം ഇല്ല എന്നാണു എന്റെ അറിവ്. ആടോ, പോത്തോ, എരുമയോ, ഒട്ടകമോ, കാളയോ, പശുവോ തുടങ്ങി ഭക്ഷിക്കല്‍ ഹലാലായ ഏതു മൃഗവും ആവാം.

ഇന്ത്യയെ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ നാം നമ്മുടെ മത കാര്യങ്ങള്‍ അനുഷ്ട്ടിക്കുമ്പോള്‍ നമ്മുടെ സഹോദര മതസ്ഥരുടെ മത വികാരങ്ങള്‍ കൂടി മാനിക്കണം എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പശുവിനെ തന്നെ ബലി കഴിക്കണം എന്ന് നിര്‍ബന്ധമില്ലാത്ത സാഹചര്യത്തില്‍, ഹിന്ദു മത സഹോദരങ്ങളെ പ്രകോപിപ്പിക്കും വിധം പശുവിനെ തന്നെ ബലി കഴിക്കണം എന്ന് വാശി പിടിക്കുന്നത്‌ എന്തിനാണ്? പൊതുവേ അത് നമ്മുടെ പള്ളികളും, വീടുകളും, മദ്രസകളും, തകര്‍ക്കപ്പെടും വിധം സാമുദായിക സ്പര്ധയ്ക്ക് വരെ കാരണമാകാറുള്ള സാഹചര്യത്തില്‍!?
(ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്ക് നാം എന്തിനു അവസരങ്ങള്‍ കൊടുക്കണം??)

കേരളത്തില്‍ പൊതുവേ പശു ബലി കുറവാണു. ഇനി ഉണ്ടെങ്കില്‍ തന്നെ അതിനെ അതിന്‍റെതായ മത സാഹോദര്യ സ്പിരിറ്റില്‍ തന്നെ എടുക്കുന്നവരാണ് നമ്മുടെ ഹിന്ദു സഹോദരങ്ങള്‍ . എന്നാല്‍ മറ്റു ഒട്ടു മിക്ക സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചാണ്. അവിടെ അത് വലിയ സാമുദായിക കലാപങ്ങള്‍ക്ക് വരെ കാരണമായിട്ടുണ്ട്.
ബലി പെരുന്നാള്‍ എന്ന സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും അര്‍പ്പണത്തിന്റെയും ആഘോഷത്തെ നാം ആവേശത്തിന്റെയും വാശിയുടെയും പുറത്ത് എന്തിനു രക്ത രൂക്ഷിതവും കലാപരൂക്ഷിതവുമാക്കണം?

പല സംസ്ഥാനങ്ങളിലും (പ്രത്യേകിച്ച് കാവി ഭരണമുള്ള) ഗോ വധം നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഒരു മതേതര ജനാതിപത്യ രാജ്യത്ത് അത്തരം ഏകപക്ഷീയ നിയമങ്ങളും ഭൂഷണമല്ല. അത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടെണ്ടതാണ്.

പത്ത് വര്‍ഷത്തോളം പൂന, ഹൈദരാബാദ് , ഉത്തരാഖണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിച്ച പരിചയം വെച്ച് അവിടങ്ങളില്‍ ബലി പെരുന്നാള്‍ പലപ്പോഴും വാശിയുടെയും സ്പര്ധയുടെയും ആഘോഷമായി മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്‍റെ പിന്നില്‍ ചില രാഷ്ട്രീയ സാമുദായിക ശക്തികളുടെ സ്വാര്‍ത്ഥ കൈകളും ഉണ്ടാവാം. അവരുടെ കയ്യിലെ പാവകളായി മാറാതെ നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം...

ബലി പെരുന്നാള്‍ അതിന്‍റെതായ സാഹോദര്യത്തോടെയും അര്‍പ്പണ ബോധാത്തോടെയും കൊണ്ടാടാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം!!

Monday, September 2, 2013

എന്റെ ഉമ്മയുടെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഭക്ഷണം!

എന്റെ ഉമ്മ പൊതുവേ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാത്ത പ്രകൃതക്കാരിയാണ്..എവിടെ പോയാലും വീട്ടില്‍ തിരിച്ചു എത്തുന്നത്‌ വരെ നോമ്പായിരിക്കും!
 അഞ്ചു വര്ഷം മുന്‍പ് ഞാന്‍ ദുഫായില്‍ നിന്നും വന്നപ്പോള്‍ എനിക്കൊരു പൂതി. ഉമ്മയെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറ്റി ഭക്ഷണം കഴിപ്പിക്കണം..അങ്ങിനെ ഞങ്ങള്‍ കോഴിക്കോടെ നഗരത്തിലെ ഒരു നല്ല ഹോട്ടലില്‍ കയറി.

കയറുമ്പോള്‍ തന്നെ ഒരു സുന്ദരി കൈ കൂപ്പി ചിരിച്ചു നില്‍ക്കുന്നു.. ഉമ്മ ചോദിച്ചു ആ പാവക്കുട്ടി എങ്ങനെയാണ് അനങ്ങുന്നത്? ഞാന്‍ പറഞ്ഞു: ഉമ്മാ അത് പാവയല്ല ഒറിജിനല്‍ പെണ്ണാണ് എന്ന്. ഉമ്മാക്ക് വിശ്വാസം വന്നില്ല, അവസാനം ഓളുടെ പേരും നാടും ഒക്കെ  ചോദിച്ചു ഉമ്മ ഉറപ്പു വരുത്തി, ഒറിജിനല്‍ തന്നെ!! എന്നാലും പാവ പോലെയുണ്ട് അല്ലെ??  ഉമ്മാക്ക് ആശ്ചര്യം തീര്‍ന്നിട്ടില്ല....

ബിരിയാണിയും മീന്‍കറിയും പോരാട്ടയും ഒക്കെ ഓര്‍ഡര്‍ ചെയ്തു. വൈട്ടെര്‍ ഉമ്മാക്ക് ഭക്ഷണം വിളമ്പി കൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉമ്മ അറിയാതെ എഴുനേറ്റു അയാളുടെ കൈക്ക് പിടിച്ചു പോയി, എനിക്ക്  നീ വിളമ്പി തരികയോ, ഇങ്ങു താ എല്ലാവര്ക്കും ഞാന്‍ വിളമ്പി തരാം..(ഉമ്മാക്ക് ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍ ഭക്ഷണം വിളമ്പി കൊടുത്തത്. നമ്മുടെ നാട്ടിലെ വീട്ടമ്മമാര്‍ എന്നും വെക്കാനും വിളമ്പാനും, ആണുങ്ങള്‍ തിന്നിട്ടു ബാക്കിയുള്ളത് തിന്നാനും മാത്രം വിധിക്കപ്പെട്ടവര്‍ ആണെന്ന സത്യം എന്നെ വല്ലാതെ അലട്ടി!!!)
ഞാന്‍ കുന്തവും കോലും കൊണ്ട് കഴിച്ചു , ഉമ്മ അസ്സല്‍ കൈ കൊണ്ടും...എല്ലാവരും ഉമ്മയെ  നോക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഉമ്മ വീണ്ടും വീണ്ടും അഭിപ്രായം പറഞ്ഞു: ഞമ്മളെ  മീന്‍കറിക്ക് ഒക്കൂല, ഇതെന്തു ബിരിയാണിയാണ്,ഞമ്മളെ നാടന്‍ ബിരിയാണിക്ക് ഒക്കൂല.
ഉമ്മ ചുറ്റും നോക്കുന്നുണ്ടായിരുന്നു, പിന്നെ ഒരു ബെജാറുള്ള കംമെന്റും: ഈ  അലങ്കാരത്തിനു ഒക്കെ ഉള്ള പൈസ ഓല് ഞമ്മളോട് വാങ്ങൂലെ?

ഭക്ഷണം കഴിഞ്ഞു ഉമ്മ എന്റെയും ഉമ്മയുടെയും പ്ലേറ്റ് എടുത്തു കഴുകാന്‍  പോകാന്‍ ഒരുങ്ങി..വൈട്ടെര്‍ ഉമ്മയെ വിലക്കി..അവിടെ വെച്ചോളൂ,  ഞങ്ങള്‍ കൊണ്ട് പോകും എല്ലാം...(അന്ന്  ജീവിതത്തില്‍ ആദ്യമായാവും ഉമ്മ സ്വന്തം തിന്ന പ്ലേറ്റ് കഴുകാത്തിരിക്കുന്നത്!!?)

പിന്നെ വൈട്ടെര്‍ ഫിങ്കര്‍ ബൌള്‍ കൊണ്ട് വന്നു....ഉമ്മാകും എനിക്കും തന്നു....ഉമ്മ നോക്കിയപ്പോള്‍  നാരങ്ങയും ചുടുവെള്ളവും! അതില്‍ കുറച്ചു ഉപ്പും ചേര്‍ത്തു ഉമ്മ കുടിക്കാന്‍ ഒരുങ്ങി...ഞാന്‍ പറഞ്ഞു: ഉമ്മാ അത് കൈ കഴുകാന്‍ ഉള്ളതാണ്.  ഇതിലൊ??..ഉമ്മ എഴുനേറ്റു വാഷ്‌ ബേസിനില്‍ പോയി സോപ്പിട്ടു കൈ കഴുകി...

ബില്ല് വന്നു...ഉമ്മാക്ക് ബേജാര്..എത്രയായി? 950 രൂപ...അല്ലാഹ്...ഇത്ര രൂപയ്ക്കു ഒരു ചെറിയ കുടുമ്പത്തിനു ഒരു മാസം ചെലവ് കഴിയാം!! (ഇന്നല്ല...അഞ്ചു വര്ഷം മുന്‍പ്).  ഇനി മേലാല്‍  ഇത്തരം സ്ഥലത്ത് കയറി പൈസ അനാവശ്യം കളയരുത്! പടച്ചവന്‍ പൊറുക്കില്ല!! (ഉമ്മ പറഞ്ഞത് മനസ്സില്‍ വല്ലാതെ കൊണ്ടെങ്കിലും, ഞാന്‍ അനുഭവിക്കുന്ന സുഖ  സൌകര്യങ്ങള്‍ ഉമ്മയെയും അനുഭവിപ്പിക്കുക എന്ന എന്റെ ആഗ്രഹം അവിടെ സഫലമായി....)

ഞങ്ങള്‍ പോകാന്‍ ഒരുങ്ങി..വൈട്ടെര്‍ ബാക്കി പൈസയുമായി വന്നു...ഞാന്‍ ഒരു സംഖ്യ ടിപ് ആയി ബില്‍ ബുക്കില്‍ വെച്ച് പുറത്തേക്ക് നടന്നു.. പിന്നില്‍ ഉമ്മയും..പുറത്തെത്തിയപ്പോള്‍ ഉമ്മ പിറകില്‍ നിന്നും വിളിച്ചു, പിന്നെ ജ്ജ് ബാക്കി പൈസ ഇട്ക്കാന്‍ മറന്നു ലെ?..ഞാന്‍ പറഞ്ഞു ഇല്ലല്ലോ...
ഉണ്ട് ഇതാ ആ ബുക്കില്‍ നിന്നും കിട്ടിയതാ..ഞാന്‍ മറക്കാതെ എടുത്തു!!! ഞാന്‍ പറഞ്ഞു: ഉമ്മാ അത് ടിപ് ആണ്...അതെന്താ ടിപ്??
ഞമ്മക്ക് ഭക്ഷണം വിളമ്പി തന്ന അയാള്‍ക്ക്‌ ഉള്ളതാണ്..അതെന്താ അയാള്‍ക്ക്‌ ശമ്പളം കിട്ടൂലെ?? ഉമ്മാ  കിട്ടും പക്ഷെ, ഞമ്മളെ  ഒരു സന്തോഷത്തിനു! അങ്ങനെ ഓന്‍ സന്തോഷിക്കണ്ട...ഓന്‍ ചോറ് വിളമ്പുമ്പളെ ഞാന്‍ പറഞ്ഞതാ ഞാന്‍ വിളമ്പിക്കൊലാന്നു...

തിരിച്ചു പോകും മുന്‍പ്  കോഴിക്കോട് ബീച്ചിലും ഒന്ന് പോയി...ഉമ്മ ബീച്ചില്‍ കടല്‍പാലത്തിനു അടുത്തെത്തിയപ്പോള്‍ പറഞ്ഞു...ഞാനും നിന്റെ ബാപയും കല്യാണം കഴിഞ്ഞ കാലത്ത് ഇവിടെ വന്നിരുന്നു...അന്ന് ഇരുട്ടില്‍  ആരോ ഉമ്മയോ തോണ്ടിയ കഥയും ബാപ്പയോട്  അടി കിട്ടിയ കഥയും ഒക്കെ പറഞ്ഞു...ഉമ്മ കുറെ ചിരിച്ചു, പിന്നെ കരഞ്ഞു, വേഗം മുഖം തുടച്ചു!!! (ബാപ്പ മരിച്ചിട്ട് അന്നേക്കു ഇരുപതു  കൊല്ലം!!!!)

തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഉമ്മ വളരെ സന്തോഷവതിയായിരുന്നു....മുഖം വളരെ പ്രസന്നം. ഇത് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത അത്രയും സുന്ദരിയായിരുന്നു ഉമ്മ അന്ന്!! വീട്ടിലെത്തി എല്ലാവരോടും പ്രസന്നമായ മുഖത്തോട്  കൂടി കോഴിക്കോടന്‍ വിശേഷങ്ങള്‍ പങ്കു വെക്കുന്നത് കണ്ടു എന്റെ കണ്ണുകള്‍ നിറഞ്ഞു, ഇടയ്ക്കു ഉമ്മയുടെയും!!

നാം വളരെ ചെറുത്‌ എന്ന് കരുതുന്ന കാര്യങ്ങള്‍ നമ്മുടെ മാതാ പിതാക്കള്‍ക്ക് ഒരുപാട് സന്തോഷം നല്കിയേക്കാം..ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ അവരെ മറക്കാതിരിക്കുക...അവഗണിക്കാതിരിക്കുക!!


Tuesday, June 11, 2013

പെണ്‍കുട്ടികളുടെ ചേലാകര്‍മം (Circumcision); നിങ്ങള്ക്ക് അറിയേണ്ടതെല്ലാം!


ഇന്ന് ടിവി തുറന്നപ്പോള്‍ ഒരു പ്രധാന വാര്‍ത്ത, ഈജിപ്തില്‍ സുന്നത്ത് കല്ല്യാണം നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. അപ്പോള്‍ പലര്‍ക്കും സംശയം പടച്ചോനെ പെണ്‍കുട്ടികള്‍ക്കും സുന്നത്ത് കഴിക്കലോ? അതെന്താ സംഭവം?? ഈ വിഷയത്തെ കുറിച്ച് ശാസ്ത്രീയമായി ചുരുക്കത്തില്‍ ഒന്ന് വിവരിക്കാന്‍ ശ്രമിക്കാം.

ലോക ആരോഗ്യ സംഘടന (WHO) ഇതിനു Female Genital Mutilation  'സ്ത്രീ ലൈംഗിക അവയവ ഘടനയില്‍ മാറ്റം വരുത്തല്‍'  എന്നാണു പേരിട്ടിരിക്കുന്നത്. പെണ്‍ ചേലാകര്‍മം, മുറിക്കല്‍ തുടങ്ങിയ നാടന്‍ പേരുകളും ഉണ്ട്. " ആരോഗ്യകരമായ കാരനങ്ങല്ക് അല്ലാതെ, ഭാഗികമായോ പൂര്‍ണമായോ സ്ത്രീ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റുക അല്ലെങ്കില്‍ മുറിവേല്‍പ്പിക്കുക" എന്നാണ് WHO ഇതിനെ നിര്‍വചിച്ചിട്ടുള്ളത്. 2013 ലെ കണക്കനുസരിച്ച് ലോകത്ത് ചേലാകര്‍മതിനു ഇരയായ 14 കോടിയില്‍ അതികം പെണ്ണ്ങ്ങള്‍ ഉണ്ട്. ഇതില്‍ പത്തു കോടിയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്ത് സുഡാന്‍, സൊമാലിയ, എത്യോപിയ, ഈജിപ്റ്റ്‌, പശ്ചിമേഷ്യ തുടങ്ങി 28 ഓളം രാജ്യങ്ങളില്‍ ഈ ദുരാചാരം നിലവിലുണ്ട്.

എന്താണ് സംഭവം?

പുറത്തു കാണുന്ന സ്ത്രീ ലൈംഗിക അവയവങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ മുറിച്ചു മാറ്റുന്നതാണ് പ്രക്രിയ. ഇതില്‍ മൂന്നു വിഭാഗം ഉണ്ട്:

ഒന്ന്: Clitoris (പുരുഷന്മാരുടെ ലിംഗത്തിനോട് സാദൃശ്യമുള്ള സ്ത്രീകളുടെ ലൈംഗിക അവയവം) മാത്രം മുറിച്ചു മാറ്റല്‍ (പെണ്ണിന്റെ വികാരം കുറക്കാന്‍ വേണ്ടി; അത് വെറും തെറ്റായ ധാരണയാണ്)

രണ്ടു: Clitoris നൊപ്പം ഗുഹ്യഭാഗത്തെ ഉള്ളിലെ തൊലിയും മുറിച്ചു കളയല്‍.
  
മൂന്നു: Clitoris നും  ഗുഹ്യഭാഗത്തെ ഉള്ളിലെയും പുറത്തെയും ചര്മംഎടുത്തു കളയുകയും രണ്ടു വശത്തെ തൊലികള്‍ തമ്മില്‍ കൂട്ടി തുന്നുകയും ചെയ്യുന്നു.മൂത്രമൊഴിക്കാനും മാസമുറ രക്തം പോകാനും മാത്രം ചെറിയ ഒരു ദ്വാരം ബാകി വെക്കും (തീപ്പെട്ടി കൊള്ളിയുടെയോ ചെറിയ മരചില്ലയുടെയോ വലിപ്പത്തില്‍). ഇത് പിന്നീട് കല്യാണം കഴിഞ്ഞ അന്ന് രാത്രി മാത്രമേ തുറക്കൂ......
വിവിധ തരം പെണ്‍  ചേലാകര്‍മ രീതികള്‍

എന്തിനീ ക്രൂരത?

ഈജിപ്തിലും സുഡാനിലും ഒക്കെ ഇതിനു പേര് 'തുഹൂര്‍' അഥവാ 'ശുദ്ധീകരിക്കല്‍'  എന്നാണു. എന്നുവച്ചാല്‍ വൃത്തിയില്ലാത്ത സ്ത്രീയുടെ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റി മൊത്തം ഒരു വൃത്തിയാക്കല്‍! (ആപ്പോള്‍ പുരുഷന്റെ ഇതിലും വൃത്തിയില്ലാത്ത എന്തൊക്കെ മുറിച്ചു മാറ്റണം എന്നാണ് ലേഖകന്റെ മറു ചോദ്യം; പക്ഷെ ലോകം പുരുഷ മേധാവിത്വത്തില്‍ ആണല്ലോ?) 
മറ്റൊന്ന് സ്ത്രീ ചാരിത്ര്യം കാത്തു സൂക്ഷിക്കാന്‍ ആണെന്നാണ്‌ പറയുന്നത്. വളര്‍ന്നു വരുന്ന പെണ്‍കുട്ടിയുടെ ലൈംഗിക അവയവങ്ങള്‍ മുറിച്ചു വൃത്തിയാക്കി തുന്നി പൂട്ടി വെക്കുന്നു. അതോടൊപ്പം അവളില്‍ ലൈംഗിക വികാരം ഉണര്‍ത്തുന്നു എന്ന് കരുതുന്ന ക്ളിടോരിസ് മുറിച്ചു മാറ്റുകയും ചെയ്യുന്നതോടെ വിവാഹത്തിന് മുന്‍പുള്ള ബന്ധങ്ങള്‍, സ്വയം ഭോഗം തുടങ്ങിയ കാര്യങ്ങളില്‍ നിന്നും അവര്‍ സുരക്ഷിതരാണ്‌ എന്ന ചിന്താഗതിയാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. പിന്നീട് വിവാഹ ദിവസം വരന്‍ ഇടപെട്ടാണ് തുന്നി വെച്ച 'ദൂക്കാന്‍' തുറക്കുന്നത്. (ഞാന്‍ പൂനയില്‍ പ്രാക്ടിസ് ചെയ്യുമ്പോള്‍ എന്നെ സമീപിച്ച ഒരു വിദേശി വനിതയെ എനിക്ക് ഓര്മ വരുന്നു. അവള്‍ക് പഠനത്തിനു ഇടയില്‍ തുറന്നു പോയ ആപീസ്, തിരിച്ചു നാട്ടിലേക്ക് പോകുന്നതിനു മുന്‍പ് നിര്‍ബന്ധമായും അടക്കണം പോലും!? വിവാഹത്തിന് തയാറെടുക്കുകയാണ് എന്നും വരന്‍ കണ്ടു പിടിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും ഒക്കെയാണ് അപേക്ഷ! കക്കാന്‍ വിചാരിച്ചാല്‍ വഴികള്‍ എന്തൊക്കെ!!?)
പ്രസവ സമയത്ത് ഇത് വീണ്ടും ഒന്ന് കൂടി കീറി മുറിക്കേണ്ടി വരും. അപ്പോള്‍ ജീവിതത്തില്‍ കുറഞ്ഞ പക്ഷം മൂന്നു തവണ ഈ സ്ത്രീ ഇതിന്റെ വേദന അനുഭവിക്കണം.

പല ഗോത്ര സമൂഹങ്ങളും അവരുടെ ഒരു അഭിമാനമായും തിരിച്ചറിവിനുള്ള ഉപാധിയായും ഇത്തരം  കൃത്യങ്ങള്‍ കൊണ്ടാടുന്നു. മാതാ പിതാക്കള്‍ മുന്കയ്യെടുതാണ് കര്‍മ്മം ചെയ്യിപ്പിക്കന്നത്. ഭാവിയില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാനും കുട്ടിയുടെ ദീര്‍ഘായുസ്സിനും ചേലാകര്‍മ്മം നല്ലതാണെന്ന തെറ്റായ വിശ്വാസവും ഇത്തരം സ്ത്രീകളില്‍ ഉണ്ട്!
മുസ്ലിം, കൃസ്ത്യന്‍, ജൂധ മതങ്ങളില്‍ പെട്ട പലരും സ്ത്രീ ചേലാകര്‍മം ചെയ്യാറുണ്ടെങ്കിലും മുകളില്‍ വിവരിച്ച രീതിയില്‍ ഉള്ള കര്‍മങ്ങള്‍ ഒരു മതത്തിന്റെയും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമല്ല എന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്! പുരുഷ ചേലാകര്‍മം  മതപരമായും ശാസ്ത്രീയമായും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്.

ചെയ്യുന്ന രീതി:

പണമുണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി വേദന കൂടാതെ കാര്യം സാധിക്കാം. നാട്ടിന്‍പുറങ്ങളില്‍ കത്തിയോ ബ്ലെടോ ഉളിയോ ഒക്കെ ഉപയോഗിച്ചാണ് ചെത്തിമാറ്റല്‍ കര്‍മം നടത്തുന്നത്.  മുറിച്ചതിനു ശേഷം ഒരു ചെറിയ മരച്ചില്ല തിരുകി ബാക്കിയുള്ള ഭാഗം തുന്നുകയോ അല്ലെങ്കില്‍ രണ്ടു കാലുകള്‍ 2-6 വരെ ആഴ്ചകള്‍ കൂട്ടി കെട്ടി വെക്കും മുറി ഉണങ്ങാന്‍. ഇപ്പോള്‍ എല്ലാം വൃത്തിയായി!..എല്ലാം സുരക്ഷിതം!?

ആരോഗ്യ പ്രശ്നങ്ങള്‍:

രക്ത സ്രാവം, അണുബാധ, എയിഡ്സ്, മഞ്ഞപിത്തം, റ്റെട്ടാനസ് തുടങ്ങിയവയാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ചെയ്യുന്നത് കൊണ്ടുള്ള ദൂശ്യ ഫലങ്ങള്‍. 

ഭാവിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശക്തമായ വേദന, കുട്ടികള്‍ ഉണ്ടാവാതിരിക്കുക, ഗുഹ്യ ഭാഗ മുഴകള്‍, മൂത്രം പോകാതിരിക്കല്‍, ഗര്‍ഭ കാലത്തും പ്രസവ സമയത്തും ഉള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഈ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നു.

(ഒരു തരം ലൈംഗിക അരക്ഷിത ബോധമല്ലേ ഇതിന്റെയെല്ലാം അടിസ്ഥാന കാരണം? പിന്നെ വിദ്യാഭ്യാസം ഇല്ലായ്മയും??)

അവലംബം: http://www.who.int/mediacentre/factsheets/fs241/en/

Sunday, June 9, 2013

മഴക്കാലം വന്നു: പകര്‍ച്ചവ്യാധികളെ കരുതിയിരിക്കുക!

മഴ ദൈവത്തിന്റെ അനുഗ്രഹമാണ്. ജീവജാലങ്ങളുടെ നിലനില്പിന്നു വളരെ അത്യാവശ്യവും. മഴയത്ത്  ഒന്ന് നനഞ്ഞു കുളിരാന്‍ ഇഷ്ട്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. അതോടൊപ്പം മഴക്കാലം ഉയര്‍ത്തുന്ന ചില ഭീഷണികളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് പകര്‍ച്ചവ്യാധികള്‍ ആണ്. നമ്മുടെ നാട്ടില്‍ പരക്കെ പടരുന്ന ചില പകര്‍ച്ച വ്യാധികളെ കുറിച്ചും അവയെ പ്രതിരോധിക്കേണ്ട വിധവും ഇവിടെ ചുരുക്കത്തില്‍ വിവരിക്കാം:

മഞ്ഞപിത്തം:

ഇന്ന് നമ്മുടെ നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന മഞ്ഞപിത്തം പ്രധാനമായും Hepatitis-A ഇനത്തില്‍ പെട്ട വൈറസ്‌ അണുബാധയാണ്. മലിനമായ ഭക്ഷണ പധാര്ത്തങ്ങളിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത് പകരുന്നത്. മൂത്രത്തില്‍ മഞ്ഞ, ക്ഷീണം, വിശപ്പില്ലായ്മ, ചര്ധി, വയറു വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. സമയത്ത് ചികില്സിക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാവുന്നതാണ്. അസുഖം ഉണ്ടെന്നറിഞ്ഞാല്‍ സമ്പൂര്‍ണ്ണ വിശ്രമം, ലളിതമായ ഭക്ഷണ പാനീയങ്ങള്‍ തുടങ്ങിയവയാണ് ചികിത്സ. പൊതുവേ ചികിത്സിച്ചു പൂര്‍ണമായും ഭേതമാക്കാവുന്ന അസുഖമാണ്.

അസുഖം വന്നാല്‍ അടിയന്തിരമായി ഡോക്റ്ററെ കണ്ടു ബ്ലഡ്‌ ചെക്ക് അപ്പ്‌ ചെയ്യണം. സ്വയം/വ്യാജ ചികിത്സകള്‍ ചെയ്തു സമയം കളയരുത്!

Hepatitis B and C ഇനത്തില്‍ പെട്ട അണുബാധ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍, മയക്കു മരുന്ന് കുത്തി വെക്കല്‍, ബ്ലഡ്‌ Transfusion തുടങ്ങിയവാണ് പകര്‍ച്ചാ കാരണങ്ങള്‍. ഒരിക്കല്‍ വന്നാല്‍ പിന്നെ വൈറസ്‌ പൂര്‍ണ്ണമായും ശരീരത്തില്‍ നിന്നും പോകാന്‍ ബുദ്ധിമുട്ട് ആണ്. സമയത്ത്  ചികിത്സയും വിശ്രമവും  നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം. ഭാവിയില്‍ വിദേശത്ത് തൊഴില്‍ തേടാനുള്ള സാധ്യതകള്‍ വരെ മങ്ങാവുന്ന അണുബാധയാണ് Hepatitis B and C . ലൈംഗിക ബന്ധത്തില്‍ കൂടി പകരും എന്നുള്ളത് കൊണ്ട് ജീവിത പങ്കാളിയിലെക്കും പകരും!

മഞ്ഞ പിത്തം-പ്രതിരോധം:


  • തിളപ്പിച്ച്‌ ആറ്റിയ വെള്ളം മാത്രം കുടിക്കുക
  • തിളപ്പിച്ചതും അല്ലാത്തതുമായ വെള്ളം മിക്സ് ചെയ്തു കുടിക്കരുത്.
  • ഭക്ഷണം പാകം ചെയ്യാന്‍ അടുക്കളയില്‍ കയറും മുന്‍പ് സോപിട്ടു കൈ കഴുകുക
  • ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കൈ കഴുകുക
  • ബാത്ത് റൂമില്‍ പോയി വന്നാല്‍ കുട്ടികളും മുതിര്‍ന്നവരും നിര്‍ബന്ദമായും സോപ്പിട്ടു കൈ കഴുകണം
  • പാകം ചെയ്യാത്ത ഇലകളും പച്ചകരികളും കഴിക്കരുത്.
  • കടകളില്‍ നിന്നും ഐസ്ക്രീം, ജ്യൂസ്‌ തുടങ്ങിയവ കഴിക്കാതിരിക്കുക.

 മലേറിയ (മലമ്പനി):
കൊതുകുകള്‍ പരത്തുന്ന അസുഖമാണ് മലേറിയ അഥവാ മലമ്പനി. Plasmodium ഇനത്തില്‍ പെട്ട രോഗാണു ആണ് രോഗ കാരണം. പനി, തലവേദന, തണുത്ത് വിറക്കല്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. അസുഖം കണ്ടു പിടിക്കുന്നത്‌ രക്ത പരിശോധനയിലൂടെയാണ്. അസുഖം വന്നാല്‍ ഉടന്‍ ഡോക്റ്ററെ അമീപിച്ചു ചികിത്സ നടത്തിയാല്‍ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് പൂര്‍ണ്ണമായും ഭേധപ്പെടുന്നതാണ്. സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ തലച്ചോറ്, ശ്വാസകോശം, ലിവര്, സ്പ്ലീന്‍ തുടങ്ങിയവയിലേക്ക് പകരാനും മരണം വരെ സംഭവിക്കാനും സാധ്യത ഉണ്ട്.



ഡങ്കി പനി: 
മലേറിയ (മലമ്പനി) പോലെ തന്നെ കൊതുകുകള്‍ പരത്തുന്ന മറ്റൊരു അസുഖം ആണ് ഡങ്കി പനി. പക്ഷെ വൈറസ്‌ ആണ് ഇവിടെ രോഗ കാരണം. പനി, സന്ധി-പേശി വേദന, തല വേദന, തൊലിയില്‍ രാഷ് (Rashes) തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ രക്തസ്രാവം ഉള്ള ഡങ്കി പനി (dengue hemorrhagic fever) ഉണ്ടാവാറുണ്ട്, അത് രക്ത സമ്മര്‍ദം കുറയാനും മറ്റും കാരണമാകാം. രക്തം പരിശോധിച്ചാണ് അസുഖം സ്ഥിരീകരിക്കുന്നത് (Virus isolation and nucleic acid detection ). വിശ്രമം, പനിക്കു പാരസിടമോള്‍, വേദനക്ക് മരുന്ന്, ധാരാളം വെള്ളം കുടിക്കല്‍ (അല്ലെങ്കില്‍ ഗ്ലുകോസ് കുപ്പി) തുടങ്ങിയവയാണ് സഹായകമായ ചികിത്സ. മലമ്പനിക്ക് ഉചിതമായ നല്ല ചികിത്സ ഉള്ളപ്പോള്‍ ഡങ്കി പനിക്ക് അതില്ല.  മലമ്പനിയെ പോലെ ഇതിനും പ്രതിരോധ കുത്തി വെപ്പ് ഇല്ല.


മലേറിയ/ഡങ്കി പനി- പ്രതിരോധം:
  • പരിസരം വൃത്തിയായി സൂക്ഷിക്കുക
  • വൃത്തി ഹീനമായി കെട്ടിക്കിടക്കുന്ന ജല സ്രോതസുകള്‍ ഇല്ലാതാക്കുക
  • ശരീരം നാന്നായി മറയുന്ന വസ്ത്രം ഉപയോഗിക്കുക (പ്രത്യേകിച്ച് കുട്ടികളില്‍).
  • കൊതുക് വല ഉപയോഗിക്കുക
  • സന്ധ്യാ നേരത്ത് പുറത്തു ഇറങ്ങി നടക്കാതിരിക്കുക (പ്രത്യേകിച്ച് കുട്ടികളും മുതിര്‍ന്നവരും)

ജലദോഷം:

പൊതുവേ വായുവിലൂടെ പകരുന്ന വൈറല്‍ അസുഖമാണ് ഫ്ലൂ അഥവാ ജലദോഷം. വിശ്രമം, പനി ഉണ്ടെങ്കില്‍ പരസിടാമോള്‍ എന്നിവ മാത്രം കൊണ്ട് ഒരാഴ്ചക്കുള്ളില്‍ മാറാവുന്ന അസുഖമാണ് ഫ്ലൂ.
ശ്വാസകോശ അണുബാധ ഉണ്ടെങ്കില്‍ മാത്രമേ ആന്റിബയോട്ടിക് കഴിക്കെണ്ടതുള്ളൂ. ആന്റിബയോട്ടിക് ഉപയോഗം ഫലത്തെക്കാള്‍ ദോഷം ചെയ്തേക്കാം

ജലദോഷം പ്രതിരോധം: 
  • ചാറ്റല്‍ മഴ കൊള്ളാതെ സൂക്ഷിക്കുക
  • തുമ്മുമ്പോഴും  ചുമക്കുംപോഴും ഉള്ള മര്യാതകള്‍ പാലിക്കുക
  • എല്ലാവരും ഒരേ ടോവ്വല്‍ ഉപയോഗിക്കാതിരിക്കുക
  • ഭക്ഷണം പാകം ചെയ്യാന്‍ അടുക്കളയില്‍ കയറും മുന്‍പ് സോപിട്ടു കൈ കഴുകുക
  • ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കൈ കഴുകുക
  • കൂടെ കൂടെ മൂക്കില്‍ കയ്യിട്ടു കളിക്കുന്ന സ്വഭാവം ഒഴിവാക്കുക!
 കൂടെ വായിക്കേണ്ട പോസ്റ്റ്‌:

ശ്വാസകോശ അസുഖങ്ങള്‍ക് ആന്റിബയോട്ടിക് ഉപയോഗം ഫലത്തെക്കാള്‍ ദോഷം ചെയ്തേക്കാം എന്ന് പഠനം.

Sunday, May 12, 2013

ഉമ്മാ...................നിങ്ങളുടെ കാലടിയിലാണ് സ്വര്‍ഗം!

ഒരു തണുത്ത മഞ്ഞുള്ള രാവിലെ നാസറിന്റെ   ബാപ്പ 11, 9, 7, 5 വയസ്സുള്ള അവര്‍  നാല് പേരെ യെതീം കുട്ടികളാക്കി പോകുമ്പോള്‍ അവന്‍റെ  ഉമ്മയ്ക്ക് ഇരുപത്തി ആരു വയസ്സ്. സുന്ദരിയും സുമുഖയുമായ ഒരു യുവതി. ജീവിതം ജീവച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത അവരുടെ മുന്‍പില്‍ പലരും പല വഴികളും ഉപദേശിച്ചു. എപ്പോഴാണ് അടുത്ത കല്യാണം? കുട്ടികളെ എപ്പോഴാണ് അനാഥാലയത്തില്‍ ആക്കുന്നത്? ഞാന്‍ നിന്നെ പോന്നു പോലെ നോക്കാം തുടങ്ങിയ കഴുകന്മാരുടെ വാക്കുകള്‍.

ബാപ്പ മരിച്ചപ്പോള്‍ എന്റെ കുട്ടികളെ റബ്ബേ നീ യതീം ആക്കിയല്ലോ എന്ന് ആ ഉമ്മ വാവിട്ടു കരഞ്ഞപ്പോള്‍ അതിന്റെ അര്‍ത്ഥം അഞ്ചു വയസ്സുള്ള അവനറിയില്ലായിരുന്നു. പക്ഷെ എന്താണ് യതീം എന്ന് ജീവിതം അവനെ പഠിപ്പിച്ചു!

ഉമ്മ അവര്‍ മക്കള്‍ക് വേണ്ടി സ്വന്തം ജീവിതം ഒഴിഞ്ഞു വെക്കുകയായിരുന്നു. കരിങ്കല്‍ ക്വാറി യില്‍ കരിങ്കല്‍ ചുമന്നും റബ്ബര്‍ വിറകു വെട്ടിയും ഒക്കെ ഉമ്മ മക്കളെ അന്തസ്സായി വളര്‍ത്തി. പെരുന്നാളിനു മക്കള്‍ക് എല്ലാവര്ക്കും ഉടുപ്പ് വാങ്ങിച്ചപ്പോള്‍ ഉമ്മാക്  വാങ്ങിചിരുന്നില്ല എന്നു പിന്നീടാണ് അവന്‍ അറിഞ്ഞത്. കാരണം, ആ കടം തന്നെ വീടാന്‍ ഇനി മാസങ്ങള്‍ പണിയെടുക്കനമായിരുന്നു. ഹോസ്റ്റലില്‍ വയറു നിറച്ചും പിന്നെയും അവര്‍  ഭക്ഷണം തിന്നപ്പോള്‍ ഉമ്മയുടെ വയറു കാലിയായിരുന്നു എന്ന് ബുദ്ധി വെച്ചപ്പോഴാണ് ഉമ്മ പറഞ്ഞു കൊടുത്തത്. പച്ചവെള്ളം കുടിച്ചു ഉറങ്ങിയ കുറെ രാത്രികള്‍ ഉണ്ടത്രേ!!

അവരില്‍ ചെറിയ രണ്ടു കുട്ടികള്‍ നേര്‍ വഴിയില്‍ നിന്നും തെറ്റിപ്പോകുമോ എന്ന ഭയവും പണിക്കു പോകാനുള്ള സൌകര്യത്തിനും ഉമ്മ അവരെ യതീമ്ഖാനയില്‍ ചേര്‍ത്തി.  ഉമ്മയ്ക്ക് അവനെ  വേണ്ടാഞ്ഞിട്ടാണ് ഇവിടെ കൊണ്ട് ആക്കിയത് അന്ന് അവന്‍ ചിന്തിക്കുകയും ഒരു പാട് പ്രാവശ്യം ഓടി വീടിലേക്ക്‌ തന്നെ പോകുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ലോകത്ത് ഏറ്റവും അഭിമാനിക്കുന്ന സ്ത്രീ അവന്‍റെ  ഉമ്മയാകണം!
ഉമ്മ അദ്വാനിച്ച് അവന്‍റെ  പെങ്ങളെ ഒരു നേഴ്സ് ആക്കി,  വല്യ ജെഷ്ട്ടന്‍ കൈതൊഴില്‍ പഠിച്ചു ഉമ്മയ്ക്ക് ഒരു താങ്ങ് ആയി, മറ്റൊരു ജെഷ്ട്ടന്‍ ഡിഗ്രിയും ബുസിനെസ്സും പഠിച്ചു ജോലിയിലും ബിസിനെസ്സിലും ആക്കി. അവനെ  പഠിപ്പിച്ചു ഒരു ഡോക്ടരാക്കി. എല്ലാം ഉമ്മയുടെ നിശ്ചയ ധാര്‍ദ്യവും അദ്ധ്വാനവും തന്നെ.

അവര്‍ മക്കള്‍ എല്ലാം നേടി, ഉമ്മയുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഉമ്മയ്ക്  ബാകിയായത് കണ്ണുനീര്‍ തോരാത്ത ആയിരക്കണക്കിന് രാത്രികള്‍, ചുട്ടു പൊള്ളുന്ന-വിശന്നു പൊരിഞ്ഞ ഒരു പാട് പകലുകള്‍, കാമ കഴുകന്മാരുടെ കുത്തുവാക്കുകളും നോട്ടങ്ങളും, പഴകി വിയര്‍പ്പും റബ്ബര്‍ കറയും നാറുന്ന വസ്ത്രങ്ങളും ഒക്കെയാണ്. അന്നൊക്കെ ഉമ്മയെ പിടിച്ചു നിര്‍ത്തിയത്  മക്കള്‍ക്ക്‌ വേണ്ടി ജീവിക്കണം എന്നുള്ള ഒരു വികാരം മാത്രമായിരുന്നു.

ഉമ്മയെ കൈ പിടിച്ചു ഹജ്ജു ചെയ്യിപ്പിച്ചു എന്നത് അവന്‍റെ  ഒരു മഹാ ഭാഗ്യമായി അവന്‍ കരുതുന്നു. മക്കള്‍ അവര്ക് നല്ല ഒരു വീടും (ഉമ്മയുടെ നാമകരണത്തില്‍), മുന്തിയ വസ്ത്രങ്ങളും സ്വര്‍ണവും ഒക്കെ വാങ്ങിച്ചു കൊടുക്കുന്നു എന്നതില്‍ അപ്പുറം  മക്കളുടെ വളര്‍ച്ച കണ്ടു അഭിമാനിക്കുകയും സന്തോഷിക്കുകയും ആണ് ആ ഉമ്മ!!

കുട്ടികളെയും ഭര്‍ത്താവിനെയും വിട്ടു തന്റെ കാമ വെളികല്‍ക്കായി കണ്ടവന്റെ കൂടെ ഇറങ്ങി ഓടുന്നവരും തന്റെ മക്കളുടെ ശരീരം വിറ്റു ജീവിതം കൊഴുപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഇന്നത്തെ ന്യൂ ജനറേഷന്‍ അമ്മമാര്‍ക്കും, പോറ്റി വളര്‍ത്തിയ മാതാ പിതാക്കളെ വൃദ്ധ സദനത്തിലും റോടരികിലും കൊണ്ട് 
പോയി തള്ളുന്നവര്ര്‍ക്കും, അമ്മ എന്താണ് എന്ന് മനസ്സിലാക്കാനും പാഠങ്ങള്‍ ഉള്‍കൊള്ളാനും ഈ ഉമ്മ എല്ലാവക്കും ഒരു മാതൃകയാണ്!. ഇത് പോലത്തെ ഒരു പാട് ഉമ്മമാര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നവരും ജീവിതം കൊതി തീരാതെ നമ്മെ വിട്ടു പിരിഞ്ഞവരും ഉണ്ട്. നമുക്ക് എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. അമ്മമാര്‍ക്കായൊരു ദിവസം വേണമെന്നില്ല, എന്റെ എല്ലാ ദിവസവും എന്റെ ഉമ്മാക് വേണ്ടി തന്നെ!!

ഉമ്മാ...................നിങ്ങളുടെ കാലടിയിലാണ് സ്വര്‍ഗം!