Pages

Friday, March 8, 2013

നമുക്ക് മടങ്ങി പോകാം, ആ നല്ല ദിനങ്ങളിലേക്ക്!?ഈ ഇടെയായി സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ പല വിഷയങ്ങളെ കുറിച്ചും നമ്മുടെ മലയാളി സുഹൃത്തുക്കള്‍  നടത്തുന്ന വളരെ വേദനാജനകമായ കമന്റുകള്‍ ആണ് ഈ കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത്.  എല്ലാ വിഷയങ്ങളെ കുറിച്ചും ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നത് ജനങ്ങള്‍ തമ്മിലല്ല; മറിച്ചു ജാതികളും മതങ്ങളും തമ്മിലാണ്. കുട്ടിക്കാലങ്ങളില്‍ നാം ഒക്കെ ജീവിച്ചതും നമ്മെ അമ്മ-മുത്തശ്ശിമാര്‍ വളര്‍ത്തിയതും നല്ല മനുഷ്യരായിട്ടായിരുന്നു. ഇന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്‌ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒക്കെ ആയിട്ടാണ്. എന്റെ കുട്ടിക്കാലത്ത് ഞാനും രണ്ടു ചേട്ടന്മാരും എന്റെ പെങ്ങളും സ്കൂളില്‍ പോയിരുന്ന കാലത്ത് ഞങ്ങള്ക് കൂട്ടിനു രമേഷും തോമസും തങ്കച്ചനും ഉണ്ണിയും ഒക്കെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഉണ്ടതും ഉറങ്ങിയതും കളിച്ചതും പഠിച്ചതും എല്ലാം ഒരുമിച്ചായിരുന്നു. നെല്ലിക്കയും മാങ്ങയും കട്ട് പറിച്തും അന്യന്റെ തെങ്ങില്‍ കയറി കരിക്കിട്ടു കുടിച്ചതും എല്ലാം കുട്ടിക്കാലത്തെ കുസൃതികള്‍. എന്റെ വീട്ടിലെ പെരുന്നാള്‍ ഇറച്ചിയും, രമേഷിന്റെ വീട്ടിലെ ഓണ സദ്യയും തോമസിന്റെ വീട്ടിലെ ക്രിസ്തുമസ് അപ്പവും എല്ലാം ഞങ്ങളുടെ ജീവിതത്തിന്റെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഘടകങ്ങളാണ്. അയല്‍വാസികളായ  നായരുടെ വീട്ടില്‍ ഉണ്ടും കളിച്ചും അയാളുടെ വലിയമ്മയുടെ ലാളന അനുഭവിച്ചു വളര്ന്നവനുമാണ് ഞാന്‍..  ഒരു ദിവസം ചെന്നില്ലെങ്കില്‍ അമ്മച്ചി ഉറക്കെ വിളിക്കുമായിരുന്നു ഉണ്ണ്യേ..നീ എവിടെ മോനെ, വാ അമ്മച്ചി അവിലും ശര്കരയും തരാം.  വീടിലെ പ്രാതല്‍ ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ രമേഷിന്റെ വീട്ടില്‍ പോയാല്‍ നല്ല ശര്ക്കരയിട്ട അരിയുണ്ട കിട്ടുമായിരുന്നു, എനിക്കും രമേഷിനും മൂന്നു വീതം അവന്റെ അമ്മ വീതിച്ചു തരും. സര്‍കാര്‍ സ്കൂളില്‍ പഠിച്ചു വളരുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ ഒരിക്കലും ഇല്ലായിരുന്നു.

പൂനയിലും ഹൈദരാബാദിലും  ഞാന്‍ പഠിക്കുകയും ജോലിചെയ്യുകയും ചെയ്ത കാലത്തൊക്കെ അവിടത്തുകാര്‍ കേരളത്തെ കുറിച്ച് ആവേശത്തോടെ പുകഴ്ത്തുന്ന രണ്ടു  കാര്യങ്ങളായിരുന്നു ഇവിടത്തെ വിദ്യാഭ്യാസവും മത സൌഹാര്ധവും. പക്ഷെ ഇന്ന് എവിടെയൊക്കെയോ നമുക്ക് മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഇന്ന് തോമസിന്റെ കുട്ടി കോണ്‍വെന്റ് സ്കൂളില്‍ പഠിക്കുന്നു. എന്റെ ചേട്ടന്റെ മക്കള്‍ ഒരു മുസ്ലിം മാനേജ്‌മന്റ്‌ സ്കൂളില്‍, നായര്‍ ഞങ്ങളുടെ അയല്‍പക്കം വിട്ടു ഇപ്പോള്‍ കൂടുതല്‍ നായന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഗ്രാമത്തിലേക്ക് താമസം മാറി. അയാളുടെ കുട്ടികള്‍ ഇന്ന് ഏതോ എന്‍ എസ എസ മാനേജ്‌മന്റ്‌ സ്കൂളില്‍ പഠിക്കുന്നുണ്ടാകണം. എന്റെ വീട്ടില്‍ പെരുന്നാളിന് പഴയത് പോലെ എല്ലാവരെയും ഒരുമിച്ചു കൂട്ടാന്‍ പ്രവാസം എന്നെ അനുവദിക്കാറില്ല. ഒരു ഓണം കൂടിയിട്ടു കുറെ വര്‍ഷങ്ങളായി. ക്രിസ്മസ് അപ്പത്തിന്റെ രുചി ഒക്കെ മറന്നു തുടങ്ങിയിരിക്കുന്നു.

ഒരു കാലത്ത് നമുക്ക് കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഒക്കെ ആയിരുന്നു വലുത്. ഇപ്പോള്‍ സ്ഥാനാര്‍തിയുടെ പേരിന്റെ മുന്‍പും പിന്‍പും നോക്കിയാണ് പലരും വോട്ട് ചോദിക്കുന്നതും ചെയ്യുന്നതും. ഞങ്ങളുടെ ജില്ലയില്‍ മത്സരിച്ച ജോര്‍ജേട്ടനും, ബിന്ദുവും എല്ലാം ഞങ്ങള്ക് ആവേശമായിരുന്നു.  തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചെന്നിതലയുമൊക്കെ നായരാണ് എന്ന് ഈ അടുത്ത് സുകുമാരന്‍ നായരുടെ വായിട്ടു കൂവല്‍ കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത്‌...... കൂട് മാറി ലീഗിലേക്ക് വന്ന അലിക്ക് മന്ത്രിസ്ഥാനം കൊടുക്കാം എന്ന് കുതിരക്കച്ചവടത്തില്‍ ധാരണയുണ്ടാക്കിയത്‌ സമുദായത്തിന്റെ അക്കൌണ്ടില്‍ വീഴ്ത്തി അപ്പുറത്ത് എങ്ങനെ രാഷ്ട്രീയ മുതലെടുപ്പ് നടത്താം എന്ന് സുകുമാരന്‍ നായരും വെല്ലാപള്ളിയും ചെയ്തു കാണിച്ചപ്പോള്‍ ആണ് എനിക്ക് മനസ്സിലായത്‌,.  (അലി ഒരു മന്ത്രി ആയതില്‍ അലിക്കും ലീഗ് എന്ന പാര്‍ടിക്കും അല്ലാതെ മുസ്ലിം പോതുജന സമൂഹത്തിനു എന്തെങ്കിലും ഒരു നെട്ടമുണ്ടായതായി നമുക്കറിയില്ല;കോട്ടങ്ങള്‍ പകല്‍ പോലെ വ്യക്തവുമാണ്). ഇപ്പോള്‍ കേരളത്തില്‍ നായര്‍ക്കും ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലിമിനും എല്ലാം മന്ത്രിമാരുണ്ട് പക്ഷെ പൊതുജനത്തിനെ പ്രധിനിതീകരിക്കാന്‍ ഒരൊറ്റ മന്ത്രിയെയും കാണാനില്ല!!?

ഞാന്‍ വിഷയത്തിലേക്ക് വരട്ടെ. ഇന്ന് സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റില്‍ ഒരു മുസ്ലിം കമ്മെന്റ് അടിച്ചാല്‍ അവനെ 'ജിഹാദി'എന്ന് വിളിക്കുന്ന മലയാളികള്‍, ഒരു നായര്‍ കമ്മെന്റ് അടിച്ചാല്‍ അവനെ 'സന്ഘി' എന്ന് വിളിക്കുന്നവര്‍, ഇതെല്ലാം നമ്മുടെ മനസ്സിലേക്ക് എങ്ങനെ കടന്നു വന്നു എന്നെനിക്കറിയില്ല. ജാതി- മത വരമ്പുകള്‍ക്കു അതീതമായി ഇന്ന് ഒരാള്‍ക് മറ്റൊരാളെ സ്നേഹിക്കാനോ സൌഹൃതം കൂടാനോ അവകാശമില്ല (വെല്ലാപള്ളിയുടെയും മനോരമയുടെയും ഭാഷയില്‍ അതിനു ലവ് ജിഹാദ് എന്നാണു പേര്). എന്തിനേറെ പറയുന്നു ഒരു മതക്കാരന്‍ തിന്നു വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ വവിട്ടി മറ്റൊരു മതക്കാരന്‍ വീണു പോയാല്‍ (പഴത്തൊലി ജിഹാദ്) അത് വരെ വര്‍ഗീയ മുതലെടുപ്പിന്നും സാമുദായിക ധൃവീകരനതിന്നും ഉപയോഗിക്കുന്ന വര്‍ഗീയ-ജാതി-രാഷ്ട്രീയ കോമരങ്ങള്‍!!!! ശഷികലകളും തോഗാടിയമാരും ഒവൈസിമാരും മദനിയും സുകുമാരന്‍ നായരും വെല്ലാപള്ളിയും  ഒന്നും ഒരു സമുദായത്തിന്റെയും കുത്തക അവകാശികള്‍ അല്ല. അവര്‍ തോന്നിവാസം പുലമ്പുന്നെങ്കില്‍ ഒരു സമുധായതിന്റെയോ നമ്മുടെ രാജ്യത്തിന്റെയോ പൊതു നന്മക്കു വേണ്ടിയല്ല, മറിച്ചു അവരുടെതായ രാഷ്ട്രീയ-വ്യക്തിഗത ലക്ഷ്യങ്ങള്‍ക് വേണ്ടിയാണ് എന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിഭാഗം ജനങ്ങളും. നമ്മുടെ നാട്ടില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നു ഞാന്‍ പറയുന്നില്ല, പക്ഷെ സമൂഹത്തില്‍ 99% പേരും നല്ല മനുഷ്യരായി ജീവിക്കുന്നവരാണ്. ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നവര്‍ മനുഷ്യരല്ല; മൃഗങ്ങളാണ്. അവര്‍ ഒരു മതതിന്റെയും ജാതിയുടെയും പ്രധിനിതികളല്ല. ലോകത്ത് ഒരു മതവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നില്ല. ഇവര്‍ക്കെല്ലാം അവരുടെതായ രാഷ്ട്രീയ-സാമ്പത്തിക- വ്യക്തികത ലക്ഷ്യങ്ങളുണ്ട്‌!..


നമ്മെ തമ്മിലടിപ്പിച്ചും ചോര കുടിച്ചും രാഷ്ട്രീയ ലക്ഷ്യം നേടുന്നവരെ നാം തിരിച്ചറിഞ്ഞു ഒറ്റപ്പെടുതെണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ഭാവിക്ക് വേണ്ടി, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടി. നാമിന്നു മതങ്ങള്കും ജാതികളും അപ്പുറം പരസ്പരം സ്നേഹിക്കാന്‍ മറന്നു പോയോ? നാം സ്നേഹത്തിലും ഒരുമയിലും ജീവിക്കരുത് എന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം?? . നമ്മുടെ വളന്നു വരുന്ന കുഞ്ഞുങ്ങളെ നാ ഒരു മത നിരപേക്ഷ സൌഹൃദ സംസ്കാരം പഠിപ്പിച്ചു വളര്‍ത്തിയില്ലെങ്കില്‍ പിന്നീടൊരിക്കലും നമുക്കത് തിരുത്താന്‍ സാധ്യമല്ല. ജാതീയ-സാമുദായിക സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും താമസ സമുച്ച്ചയങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അപ്പുറം, ഇടകലര്‍ന്നു  ജീവിച്ചു പരസ്പരം മാനുഷികമായും സാംസ്കാരികമായും മനസ്സിലാക്കി സാംസ്കാരികവും മതപരമായും ആയ വ്യത്യാസങ്ങളെ പരസ്പരം ബഹുമാനിച്ചു ഒരുമിച്ചു ജീവിക്കാനുള്ള ഒരു സാഹചര്യം നമ്മുടെ വരും തലമുറകള്‍ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നീട് നമുക്ക് തിരുത്താന്‍ കഴിയാത്തത്ര ആഴത്തില്‍ നാം വിഭജിച്ചു പോകും!

സര്‍ക്കാര്‍ സ്കൂളുകള്‍, ഗ്രാമ സഭകള്‍, കുടുംബശ്രീകള്‍, എല്ലാവരും താമസിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍, അതില്‍ കുട്ടികള്ക് ഒരുമിച്ചു കളിക്കാന്‍ പൊതു കളിസ്ഥലങ്ങള്‍ തുടങ്ങിയ ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ ഇന്ന് നമ്മുടെ മത-സാമുദായിക സൌഹാര്ധതിന്റെ നിലനില്പിന്നു അത്യാവശ്യമാണ്. ഓണവും പെരുന്നാളും ക്രിസ്മസും ഒക്കെ നമ്മുടെ എല്ലാവരുടെയും ഉത്സവങ്ങളായി നാം നിര്‍ബന്ധമായും ആഘോഷിക്കെണ്ടിയിരിക്കുന്നു.

No comments:

Post a Comment