Pages

Monday, September 2, 2013

എന്റെ ഉമ്മയുടെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഭക്ഷണം!

എന്റെ ഉമ്മ പൊതുവേ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാത്ത പ്രകൃതക്കാരിയാണ്..എവിടെ പോയാലും വീട്ടില്‍ തിരിച്ചു എത്തുന്നത്‌ വരെ നോമ്പായിരിക്കും!
 അഞ്ചു വര്ഷം മുന്‍പ് ഞാന്‍ ദുഫായില്‍ നിന്നും വന്നപ്പോള്‍ എനിക്കൊരു പൂതി. ഉമ്മയെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറ്റി ഭക്ഷണം കഴിപ്പിക്കണം..അങ്ങിനെ ഞങ്ങള്‍ കോഴിക്കോടെ നഗരത്തിലെ ഒരു നല്ല ഹോട്ടലില്‍ കയറി.

കയറുമ്പോള്‍ തന്നെ ഒരു സുന്ദരി കൈ കൂപ്പി ചിരിച്ചു നില്‍ക്കുന്നു.. ഉമ്മ ചോദിച്ചു ആ പാവക്കുട്ടി എങ്ങനെയാണ് അനങ്ങുന്നത്? ഞാന്‍ പറഞ്ഞു: ഉമ്മാ അത് പാവയല്ല ഒറിജിനല്‍ പെണ്ണാണ് എന്ന്. ഉമ്മാക്ക് വിശ്വാസം വന്നില്ല, അവസാനം ഓളുടെ പേരും നാടും ഒക്കെ  ചോദിച്ചു ഉമ്മ ഉറപ്പു വരുത്തി, ഒറിജിനല്‍ തന്നെ!! എന്നാലും പാവ പോലെയുണ്ട് അല്ലെ??  ഉമ്മാക്ക് ആശ്ചര്യം തീര്‍ന്നിട്ടില്ല....

ബിരിയാണിയും മീന്‍കറിയും പോരാട്ടയും ഒക്കെ ഓര്‍ഡര്‍ ചെയ്തു. വൈട്ടെര്‍ ഉമ്മാക്ക് ഭക്ഷണം വിളമ്പി കൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉമ്മ അറിയാതെ എഴുനേറ്റു അയാളുടെ കൈക്ക് പിടിച്ചു പോയി, എനിക്ക്  നീ വിളമ്പി തരികയോ, ഇങ്ങു താ എല്ലാവര്ക്കും ഞാന്‍ വിളമ്പി തരാം..(ഉമ്മാക്ക് ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍ ഭക്ഷണം വിളമ്പി കൊടുത്തത്. നമ്മുടെ നാട്ടിലെ വീട്ടമ്മമാര്‍ എന്നും വെക്കാനും വിളമ്പാനും, ആണുങ്ങള്‍ തിന്നിട്ടു ബാക്കിയുള്ളത് തിന്നാനും മാത്രം വിധിക്കപ്പെട്ടവര്‍ ആണെന്ന സത്യം എന്നെ വല്ലാതെ അലട്ടി!!!)
ഞാന്‍ കുന്തവും കോലും കൊണ്ട് കഴിച്ചു , ഉമ്മ അസ്സല്‍ കൈ കൊണ്ടും...എല്ലാവരും ഉമ്മയെ  നോക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഉമ്മ വീണ്ടും വീണ്ടും അഭിപ്രായം പറഞ്ഞു: ഞമ്മളെ  മീന്‍കറിക്ക് ഒക്കൂല, ഇതെന്തു ബിരിയാണിയാണ്,ഞമ്മളെ നാടന്‍ ബിരിയാണിക്ക് ഒക്കൂല.
ഉമ്മ ചുറ്റും നോക്കുന്നുണ്ടായിരുന്നു, പിന്നെ ഒരു ബെജാറുള്ള കംമെന്റും: ഈ  അലങ്കാരത്തിനു ഒക്കെ ഉള്ള പൈസ ഓല് ഞമ്മളോട് വാങ്ങൂലെ?

ഭക്ഷണം കഴിഞ്ഞു ഉമ്മ എന്റെയും ഉമ്മയുടെയും പ്ലേറ്റ് എടുത്തു കഴുകാന്‍  പോകാന്‍ ഒരുങ്ങി..വൈട്ടെര്‍ ഉമ്മയെ വിലക്കി..അവിടെ വെച്ചോളൂ,  ഞങ്ങള്‍ കൊണ്ട് പോകും എല്ലാം...(അന്ന്  ജീവിതത്തില്‍ ആദ്യമായാവും ഉമ്മ സ്വന്തം തിന്ന പ്ലേറ്റ് കഴുകാത്തിരിക്കുന്നത്!!?)

പിന്നെ വൈട്ടെര്‍ ഫിങ്കര്‍ ബൌള്‍ കൊണ്ട് വന്നു....ഉമ്മാകും എനിക്കും തന്നു....ഉമ്മ നോക്കിയപ്പോള്‍  നാരങ്ങയും ചുടുവെള്ളവും! അതില്‍ കുറച്ചു ഉപ്പും ചേര്‍ത്തു ഉമ്മ കുടിക്കാന്‍ ഒരുങ്ങി...ഞാന്‍ പറഞ്ഞു: ഉമ്മാ അത് കൈ കഴുകാന്‍ ഉള്ളതാണ്.  ഇതിലൊ??..ഉമ്മ എഴുനേറ്റു വാഷ്‌ ബേസിനില്‍ പോയി സോപ്പിട്ടു കൈ കഴുകി...

ബില്ല് വന്നു...ഉമ്മാക്ക് ബേജാര്..എത്രയായി? 950 രൂപ...അല്ലാഹ്...ഇത്ര രൂപയ്ക്കു ഒരു ചെറിയ കുടുമ്പത്തിനു ഒരു മാസം ചെലവ് കഴിയാം!! (ഇന്നല്ല...അഞ്ചു വര്ഷം മുന്‍പ്).  ഇനി മേലാല്‍  ഇത്തരം സ്ഥലത്ത് കയറി പൈസ അനാവശ്യം കളയരുത്! പടച്ചവന്‍ പൊറുക്കില്ല!! (ഉമ്മ പറഞ്ഞത് മനസ്സില്‍ വല്ലാതെ കൊണ്ടെങ്കിലും, ഞാന്‍ അനുഭവിക്കുന്ന സുഖ  സൌകര്യങ്ങള്‍ ഉമ്മയെയും അനുഭവിപ്പിക്കുക എന്ന എന്റെ ആഗ്രഹം അവിടെ സഫലമായി....)

ഞങ്ങള്‍ പോകാന്‍ ഒരുങ്ങി..വൈട്ടെര്‍ ബാക്കി പൈസയുമായി വന്നു...ഞാന്‍ ഒരു സംഖ്യ ടിപ് ആയി ബില്‍ ബുക്കില്‍ വെച്ച് പുറത്തേക്ക് നടന്നു.. പിന്നില്‍ ഉമ്മയും..പുറത്തെത്തിയപ്പോള്‍ ഉമ്മ പിറകില്‍ നിന്നും വിളിച്ചു, പിന്നെ ജ്ജ് ബാക്കി പൈസ ഇട്ക്കാന്‍ മറന്നു ലെ?..ഞാന്‍ പറഞ്ഞു ഇല്ലല്ലോ...
ഉണ്ട് ഇതാ ആ ബുക്കില്‍ നിന്നും കിട്ടിയതാ..ഞാന്‍ മറക്കാതെ എടുത്തു!!! ഞാന്‍ പറഞ്ഞു: ഉമ്മാ അത് ടിപ് ആണ്...അതെന്താ ടിപ്??
ഞമ്മക്ക് ഭക്ഷണം വിളമ്പി തന്ന അയാള്‍ക്ക്‌ ഉള്ളതാണ്..അതെന്താ അയാള്‍ക്ക്‌ ശമ്പളം കിട്ടൂലെ?? ഉമ്മാ  കിട്ടും പക്ഷെ, ഞമ്മളെ  ഒരു സന്തോഷത്തിനു! അങ്ങനെ ഓന്‍ സന്തോഷിക്കണ്ട...ഓന്‍ ചോറ് വിളമ്പുമ്പളെ ഞാന്‍ പറഞ്ഞതാ ഞാന്‍ വിളമ്പിക്കൊലാന്നു...

തിരിച്ചു പോകും മുന്‍പ്  കോഴിക്കോട് ബീച്ചിലും ഒന്ന് പോയി...ഉമ്മ ബീച്ചില്‍ കടല്‍പാലത്തിനു അടുത്തെത്തിയപ്പോള്‍ പറഞ്ഞു...ഞാനും നിന്റെ ബാപയും കല്യാണം കഴിഞ്ഞ കാലത്ത് ഇവിടെ വന്നിരുന്നു...അന്ന് ഇരുട്ടില്‍  ആരോ ഉമ്മയോ തോണ്ടിയ കഥയും ബാപ്പയോട്  അടി കിട്ടിയ കഥയും ഒക്കെ പറഞ്ഞു...ഉമ്മ കുറെ ചിരിച്ചു, പിന്നെ കരഞ്ഞു, വേഗം മുഖം തുടച്ചു!!! (ബാപ്പ മരിച്ചിട്ട് അന്നേക്കു ഇരുപതു  കൊല്ലം!!!!)

തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഉമ്മ വളരെ സന്തോഷവതിയായിരുന്നു....മുഖം വളരെ പ്രസന്നം. ഇത് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത അത്രയും സുന്ദരിയായിരുന്നു ഉമ്മ അന്ന്!! വീട്ടിലെത്തി എല്ലാവരോടും പ്രസന്നമായ മുഖത്തോട്  കൂടി കോഴിക്കോടന്‍ വിശേഷങ്ങള്‍ പങ്കു വെക്കുന്നത് കണ്ടു എന്റെ കണ്ണുകള്‍ നിറഞ്ഞു, ഇടയ്ക്കു ഉമ്മയുടെയും!!

നാം വളരെ ചെറുത്‌ എന്ന് കരുതുന്ന കാര്യങ്ങള്‍ നമ്മുടെ മാതാ പിതാക്കള്‍ക്ക് ഒരുപാട് സന്തോഷം നല്കിയേക്കാം..ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ അവരെ മറക്കാതിരിക്കുക...അവഗണിക്കാതിരിക്കുക!!


23 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഉമ്മാക്ക് ഇതിലും വലിയ ഒരു സമ്മാനം ഇനി താങ്കള്‍ക്ക് നല്കാനുണ്ടാവില്ല, ആ സന്തോഷം എത്രയുണ്ടാവും എന്ന് വരികളില്‍ കൂടിയും അനുഭവത്തില്‍ കൂടിയും ഞാന്‍ അനുഭവിച്ചു. നല്ല പോസ്റ്റ്‌ , ഉമ്മാക്ക് ദീര്‍ഘായുസ്സ് നേരുന്നു.

    ReplyDelete
    Replies
    1. സത്യത്തില്‍ ഉമ്മ ഏറ്റവും സന്തോഷിച്ചത്‌ രണ്ടു വര്ഷം മുന്‍പ് ഞാന്‍ ഉമ്മയെ കൈ പിടിച്ചു ഹജ്ജ് ചെയ്യിപ്പിച്ചപ്പോള്‍ ആണ്...അതിനുള്ള മഹാഭാഗ്യം എനിക്ക് തന്ന ദൈവത്തിനു നന്ദി!!

      Delete
  3. അത് നന്നായി ഇടക്ക് ഉമ്മ മാരെയും കൂട്ടി സന്തോഷിപ്പിക്കുനത് നല്ലതാ ...ടിപ്പ് കാര്യിം എനിക്ക് ഓര്‍ക്കാന്‍ തമാശ ഉണ്ട് എന്‍റെ കുഞ്ഞെളിയ ഇത്താതയും കൂടി കോഴിക്കോട് ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു ആദിം കുഞ്ഞെളിയ ഒരു രൂപ വച്ച് അത് ഇത്താത്ത എടുത്ത് .വീണ്ടും രണ്ടു രൂപ ഇട്ടു അതും എടുത്തപ്പോള്‍ കുഞ്ഞെളിയ അഞ്ചു രൂപയും ഇട്ടു പോന്നു ..അത് മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് കേട്ടോ?......

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. നന്നായിട്ടുണ്ട്... :)
    മനസ്സിൽ ഗ്രാമത്തിന്റെ നിഷ്കളങ്കതയുമായി ജീവിക്കുന്നവർക്ക് പലപ്പോഴും നഗരത്തിന്റെ മായക്കാഴ്ചകൾ ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നു വരും...
    http://thesangeeth.blogspot.com/

    ReplyDelete
    Replies
    1. സത്യത്തില്‍ ഉമ്മ ആസ്വദിചു....നഗരത്തിന്‍റെ മോടികളും കാട്ടിക്കൂട്ടലുകളും ഉമ്മയ്ക്ക് ദഹിച്ചില്ലെങ്കിലും അന്നത്തെ ദിവസം നന്നായി ആസ്വദിച്ചു!!

      Delete
  6. ആശംസകള്‍--- ഉയീ-- ഇങ്ങക്കല്ല--പ്രിയ ഉമ്മാക്ക്. ഓലോട്‌ പറയാന്‍ മറക്കറെ--

    ReplyDelete
    Replies
    1. ഹ്ഹ്ഹ ..അനിത മാഡം..തീര്‍ച്ചയായും പറയാം.......പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി !!

      Delete
  7. നല്ല സമ്മാനം, മക്കളെല്ലാരും ഇങ്ങനെയാവട്ടെ, നന്മയുടെ ഉറവകൾ ഭൂമിയിൽ വറ്റാതിരിക്കട്ടെ

    ReplyDelete
  8. വളരെ രസകരമായി അവതരിപ്പിച്ചു.
    തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഉമ്മ വളരെ സന്തോഷവതിയായിരുന്നു....മുഖം വളരെ പ്രസന്നം..എന്ന വരികള്‍ വായിക്കുമ്പോള്‍ എല്ലാ കണ്ണുകളും നിറയും.
    ആശംസകളോടെ..

    ReplyDelete
  9. Good point. നാം വളരെ ചെറുത്‌ എന്ന് കരുതുന്ന കാര്യങ്ങള്‍ നമ്മുടെ മാതാ പിതാക്കള്‍ക്ക് ഒരുപാട് സന്തോഷം നല്കിയേക്കാം..ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ അവരെ മറക്കാതിരിക്കുക

    ReplyDelete
  10. തീര്‍ച്ചയായു.അവരെ മറന്നുകൂടാ..നാളെ നമ്മുടെ മക്കള്‍ നമ്മെയും..
    നന്നായിരിക്കുന്നു. വലിച്ചുനീട്ടാതെ ആശയങ്ങള്‍ക്ക് വേണ്ട വാചകങ്ങള്‍.
    ആശംസകള്‍...

    ReplyDelete
  11. ha ha rasayittu paranju
    ummayodulla sneham vyakthamayi ,
    aasamsakal

    ReplyDelete